പി.സി തോമസ് എന്‍.ഡി.എ വിട്ടു; ജോസഫ് ഗ്രൂപ്പുമായുള്ള ലയനം ഇന്ന്

Kerala Latest News

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് എന്‍.ഡി.എ വിട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രജിസ്‌ട്രേഷനുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാന്‍ നടത്തിയ നീക്കത്തിന്റെ കൂടി ഭാഗമാണ് തോമസിന്റെ നടപടി.

പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പ് ലയിക്കുമെന്നാണ് വിവരം. ലയനം ഇന്ന് കടുത്തുരുത്തിയില്‍ വച്ച് നടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നു പി.ജെ. ജോസഫിന്റെ നിര്‍ദേശ പ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പടിച്ചത്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.

ലയിച്ചതിനുശേഷം പാര്‍ട്ടിക്ക് പുതിയ പേര് നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ചെണ്ട ചിഹ്നം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. പി.ജെ. ജോസഫ് തന്നെയായിരിക്കും ചെയര്‍മാന്‍. പി.സി. തോമസിനും ഇതിനോടു യോജിപ്പാണെന്നാണ് വിവരം. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനമാണ് പി.സി. തോമസിന്റെ ആവശ്യം.

ജോണി നെല്ലൂരിനെയും കെ. ഫ്രാന്‍സിസ് ജോര്‍ജിനെയും മോന്‍സ് ജോസഫിനെയും വൈസ് ചെയര്‍മാന്‍മാരും ജോയി ഏബ്രഹാമിനെയും പി.സി. തോമസ് വിഭാഗത്തിലെ പ്രമുഖനെയും ജനറല്‍ സെക്രട്ടറിമാരുമാക്കുമെന്നാണ് വിവരം. രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് ലയനനീക്കം ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാര്‍ഥികളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിക്കുക. എല്ലാവര്‍ക്കും ഒരേ ചിഹ്നം ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന സാധ്യത കണക്കിലെടുത്താണ് ജോസഫ് ലയന നീക്കം വേഗത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *