ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്കു ചിറകു നല്കി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ഡെന്മാര്ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-15, 21-13. രണ്ടു ഗെയിമിലും ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയക്ക് സാധിച്ചില്ല.
ബോക്സിംഗില്‍ പുരുഷന്മാരുടെ 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ തകര്‍ത്താണ് (4-1) സതീഷിന്റെ നേട്ടം. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സതീഷിന് മെഡല്‍ ഉറപ്പിക്കാം.
അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടുതവണ ഒളിമ്പിക്സ് ചാമ്പ്യനായ ജിന്‍ ഹ്യെകിനെ തോല്‍പ്പിച്ചാണ് മുന്നേറ്റം. 6-5നാണ് അതാനു ദാസിന്റെ വിജയം.
പുരുഷ ഹോക്കിയില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തത് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍രഹിതമായ ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം 43-ാം മിനിറ്റില്‍ വരുണ്‍ കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.
അഞ്ചു മിനിറ്റിന് ശേഷം പെനാല്‍റ്റി കോര്‍ണറിലൂടെ മൈക്കോ കാസെല്ല അര്‍ജന്റീനയെ ഒപ്പമെത്തിച്ചു.മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ 58-ാം മിനിറ്റില്‍ വിവേക് സാഗര്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.
അര്‍ജന്റീനയ്ക്ക് നിലയുറപ്പിക്കാന്‍ പോലും സമയം നല്‍കാതെ തൊട്ടടുത്ത മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ജയമുറപ്പിച്ചു.