പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പ്രശ്‌ന പരിഹാരത്തിനായുള്ള ഇടപെടലുകള്‍ നടത്തുന്നില്ലെന്നതാണ് പരാതി. ആരോഗ്യ മാത്രിയുമായുള്ള ചര്‍ച്ചയ്ക്ക് അവസരം ഒരുക്കുന്നില്ല എന്നും പി.ജി. ഡോക്ടേഴ്‌സ് പറയുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് എന്ന വിവരം പി.ജി. ഡോക്ടേഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.

കൃത്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ ആറു മാസമായി പി.ജി. ഡോക്ടേഴ്‌സ് സമരം ചെയ്യുകയാണ്. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൊവിഡ് ചികിത്സ ആരംഭിച്ചതിന് ശേഷം അധ്യയനം നഷ്ടപ്പെടുന്നു എന്നതാണ് പി.ജി. ഡോക്ടേഴ്‌സ് ഉയര്‍ത്തുന്ന പ്രധാന പരാതി.

ഇത് വരെ ഇതില്‍ ഒന്നും ഒരു തീരുമാനവും ഉണ്ടാവാത്തതിനാലാണ് അവര്‍ തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തിയത്. എന്നാല്‍, സൂചന സമരത്തെ കണ്ട ഭാവം അധികൃതര്‍ കാണിക്കുന്നില്ല, ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഉന്നത അധികാരികള്‍ വിഷയം പരിഹരിക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തുന്നില്ല എന്നും പി.ജി. ഡോക്ടേഴ്‌സ് അറിയിച്ചു.

ആറ് മാസമായി ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ അധികൃതരുടെ പ്രതികരണം നിരാശാജനകമാണ്. അനിശ്ചിത കാല പണിമുടക്കിലേക്ക് പോയാല്‍ മെഡിക്കല്‍ കോളജുകളുടെ ദൈനംദിന പ്രവര്‍ത്തനം താളം തെറ്റുമെന്നും മുന്നറിയിപ്പുണ്ട്. അനിശ്ചിതകാല പണിമുടക്കിലേക്കെന്ന വിവരം പി.ജി ഡോക്ടേഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ മെയില്‍ മുഖാന്തരം അറിയിച്ചിട്ടുണ്ട്. തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *