ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്സിന് ഡോസുകള്‍ വിവിധ രാജ്യൺഹാളിലേക്കായി കയറ്റുമതി ചെയ്തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍. അതേസമയം, സൗഹൃദരാജ്യങ്ങള്‍ക്ക് വാക്സിനുകൾ സൗജന്യമായി നല്‍കിയതെന്നും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ളത് കണക്കാക്കിയാണിതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ജനുവരി മുതലാണ് മറ്റു രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റുമതി ഇന്ത്യ ആരംഭിച്ചത്. ആഭ്യന്തര വാക്സിന് ആവശ്യകതയ്ക്കാണ് ഇന്ത്യയുടെ പ്രഥമ പരിഗണന. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്സിന് ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്സിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു.