തിരുവനന്തപുരം: സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ നിയമനടപടികള്‍ക്കുള്ള സാധ്യതയും ഉദ്യോഗാര്‍ത്ഥികള്‍ തേടുന്നുണ്ട്.
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഇനിയൊരവസരം ഉണ്ടാകില്ല. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടിയ ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന കോടതി വിധി തിരിച്ചടിയായതോടെ ഉദ്യോഗാര്‍ത്ഥികളും നിരാശയിലാണ്.
അന്തിമവിധി സെപ്റ്റംബര്‍ 2ന് പുറപ്പെടുവിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം താത്കാലികമായി നിര്‍ത്തി. വനിതാ സിപിഒ ഉദ്യാഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്.