ആര്‍ അജിരാജകുമാര്‍
ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍ -3 ദൗത്യത്തിന് നെടുനായകത്വം വഹിക്കാന്‍ മലയാളിയായ ഡോ. എസ് സോമനാഥ് ഐ എസ് ആര്‍ ഒ തലപ്പത്തേക്ക്. ലോകത്താകമാനമുള്ള മലയാളികള്‍ക്ക് പുതുവല്‍സര സമ്മാനമായാണ് സോമനാഥിന്റെ പുതിയ ദൗത്യത്തെ ശാസ്ത്രലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് . ചന്ദ്രയാന്‍ 2 പദ്ധതിയില്‍ നിര്‍ണായക റോളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി എസ് എസ് സി ) ഡയറക്ടര്‍ കൂടിയായ സോമനാഥ് ഇസ്രോയുടെ തലവനാവുക. എയ്‌റോസ്‌പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് സോമനാഥ്. കെ ശിവന്‍ വിരമിക്കുന്ന സാഹചര്യത്തില്‍ 2020 ന്റെ തുടക്കത്തില്‍ സോമനാഥിന് സ്ഥാനക്കയറ്റം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡയറക്ടര്‍ തസ്തികയിലുള്ള സോമനാഥിന് ജനുവരി ഒന്ന് മുതല്‍ അപെക്‌സ് സ്‌കെയില്‍ സ്ഥാനം നല്‍കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലെ സെക്രട്ടറിതല സ്ഥാനമാണ് ഇപ്പോള്‍ സോമനാഥിന് ലഭിച്ചിരിക്കുന്നത്. ഇസ്രൊ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറിതല തസ്തികയാണ്. ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ധനായ സോമനാഥാണ്. ഐ എസ് ആര്‍ ഒയുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്‌സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. കൊല്ലത്തെ ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് എസ് സോമനാഥ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി.
1985ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ചേരുകയും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( പി എസ് എല്‍ വി) പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എം ജി കെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുമ്പ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍. കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ സോമനാഥ് 1985ലാണ് ഇസ്രൊയില്‍ എത്തുന്നത്. 2015ല്‍ വല്യമല ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം മേധാവിയായ സോമനാഥ് 2018 ജനുവരിയിലാണ് വി എസ് എസ് സി ഡയറക്ടറാകുന്നത്. അന്നത്തെ ഡയറക്ടറായിരുന്ന ഡോ കെ ശിവന്‍ ഇസ്രൊ ചെയര്‍മാനായി ചുമതലയേറ്റപ്പോഴാണ് സോമനാഥ് വി എസ് എസ് സി ഡയറക്ടറാകുന്നത്. ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ഡോ എസ് സോമനാഥ്. ബഹിരാകാശ രംഗത്ത് പൊതു സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന പക്ഷക്കാരനാണ്.
ആലുപ്പുഴ തുറവൂര്‍ വേടാംപറമ്പില്‍ ശ്രീധരപ്പണിക്കര്‍ എന്ന അധ്യാപകന്റെയും അരൂര്‍ സ്വദേശിനി തങ്കമ്മയുടെയും മകനാണ് സോമനാഥ്. ഭാര്യ വത്സല പൂച്ചാക്കല്‍ സ്വദേശിനിയാണ്. തിരുവനന്തപുരത്തു ജി എസ് ടി വകുപ്പില്‍ ജോലി ചെയ്യുന്നു. മകള്‍ മാലിക എന്‍ജിനീയറിങ്ങില്‍ മാസ്‌റ്റേഴ്‌സിനു പഠിക്കുന്നു. മകന്‍ മാധവും എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.