പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഒളിവില്‍; നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 1000 കോടി

Latest News

 

ആര്‍ അജിരാജകുമാര്‍

പത്തനംതിട്ട: 55 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഒളിവില്‍. നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നും പിരിച്ചെടുത്ത 1000 കോടിയോളം രൂപയുടെ ബാധ്യത മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് നടത്തിപ്പുകാര്‍ രഹസ്യകേന്ദ്രത്തില്‍ അഭയം പ്രാപിച്ചത്. കോന്നി പോലീസ് സ്‌റ്റേഷനില്‍ നൂറുകണക്കിന് കേസുകളാണ് സ്ഥാപന ഉടമകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ 400 ലധികം ബ്രാഞ്ചുകളുള്ള പോപ്പുലര്‍ ഫിനാന്‍സിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വന്നുകൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ കോന്നി വകയാര്‍ കേന്ദ്രമായുള്ള സാന്‍ പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍ ആസ്ഥാനമായുള്ള മേരിറാണി പോപ്പുലര്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ ദിവസങ്ങളായി ഒളിവില്‍ കഴിയുന്നത്. കോവിഡ് പ്രതിന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് മാസം തോറും നല്‍കിവരുന്ന പലിശ തുക കഴിഞ്ഞ അഞ്ചുമാസമായി മുടങ്ങി. ഇതോടെ നിക്ഷേപകര്‍ തങ്ങളുടെ മുതലും പലിശയും തിരികെ ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെട്ടിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ തകര്‍ച്ചയുടെ ആഴം പുറത്തായത്. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്ഥാപന ഉടമകള്‍ എന്തു ചെയ്‌തെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോന്നി വകയാറില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഹെഡ് ഓഫീസ് അടഞ്ഞുകിടക്കുകയാണ്.

കേരളത്തിലെ നിരവധി ബ്രാഞ്ചുകളും രണ്ടുദിവസമായി തുറന്നുപ്രവര്‍ത്തിക്കുന്നില്ല. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫിനാന്‍സിന് ബ്രാഞ്ച് ഓഫീസുകളുണ്ട്. ഇവിടങ്ങളിലെ ഓഫീസുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സ്ഥാപനം അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിക്ഷേപകര്‍ പോപ്പുലറിന്റെ ബ്രാഞ്ചുകളില്‍ കൂട്ടത്തോടെ എത്തിയതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സിന്റെ ബ്രാഞ്ചുകളില്‍ പണയമായി സ്വീകരിച്ച സ്വര്‍ണ്ണം മുഴുവന്‍ കേരളത്തിലെ ഒരു പൊതുമേഖലാ ബാങ്കില്‍ ഉപഭോക്താക്കള്‍ അറിയാതെ സ്ഥാപന ഉടമകള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ വാങ്ങി. ഇതുകാരണം പണയ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ബ്രാഞ്ച് ഓഫീസുകളില്‍ എത്തുന്ന കസ്റ്റമേഴ്‌സിനും തങ്ങളുടെ സ്വര്‍ണ്ണം മടക്കി ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നു. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപമായി ലഭിച്ച പണം ഉപയോഗിച്ച് ആന്ധ്രാപ്രദേശില്‍ ചെമ്മീന്‍ കയറ്റുമതി സ്ഥാപനം, കേരളത്തില്‍ സോളാര്‍ വിതരണ കമ്പിനി, സൂപ്പര്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ ലബോറട്ടറി അടക്കം നിരവധി പ്രോജക്ടുകള്‍ ഉടമകള്‍ തുടങ്ങിയെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ വിവിധ സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്ത പണം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ തിരിച്ചടവ് പൂര്‍ണ്ണമായും സ്തംഭിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകരുടെ മാസപ്പലിശ വിതരണം പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. ഇതാണ് അപ്രതീക്ഷീതമായി പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്നാണ് സൂചന. നിക്ഷേപകരുടെ പണം മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ പാപ്പര്‍ ഹര്‍ജി നല്‍കാനുള്ള ആലോചനയിലാണ് സ്ഥാപന ഉടമകളെന്ന വിവരവും ലഭിക്കുന്നു. അതേസമയം, പ്രമുഖ ബാങ്കിതര സ്ഥാപനം പോപ്പുലര്‍ ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്നും പോപ്പുലര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റോയി ഡാനിയേല്‍ പറഞ്ഞു.

നിക്ഷേപവും വായ്പയും അടക്കം സ്ഥാപനത്തിന്റെ മുഴുവന്‍ സ്വത്തുക്കളും പുതിയ മാനേജ്‌മെന്റിന് കൈമാറുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ കഴിയാതെ വന്നതോടെ ചിലര്‍ നിക്ഷേപം തിരികെ ചോദിച്ചതാണ് സ്ഥാപനത്തിന്റെ നിലവിലെ പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പ വാങ്ങുന്നതിനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. പോപ്പുലര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുകയോ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബാങ്ക് വായ്പ ലഭിക്കുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ പ്രതിസന്ധി അവസാനിക്കുമെന്നും റോയി ഡാനിയേല്‍ പറഞ്ഞു.

ഇതിനിടെ കേരളത്തിലെ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ മടക്കി നല്‍കാന്‍ കഴിയാത്ത ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് സൃഷ്ടിച്ച ആഘാതത്തെ തുടര്‍ന്ന് സ്വര്‍ണ്ണ വായ്പയായും വിവിധ സ്‌കീമുകളില്‍ നല്‍കിയ മറ്റ് വായ്പകളുടെയും തിരിച്ചവ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *