ന്യൂയോർക്ക്: പൊതു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ കഴുത്തിൽ കുത്തേറ്റ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ റുഷ്ദി സംസാരിച്ചുതുടങ്ങിയെന്നും മുറിയിൽ അൽപ ദൂരം നടന്നെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്റ്റേറ്റ് പൊലീസ് ജെയിംസ്ടൗണിൽ നിന്ന് മറ്റാറിനെ ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇയാളുടെ മാതാവിനെയും കോടതിയിൽ ഹാജരാക്കി. മറ്റാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.