കോട്ടയം: കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കേരള ജനതയെ ഒറ്റുകൊടുക്കുന്ന നായകന്റെ വേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് അണിഞ്ഞിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി ആരോപിച്ചു. അമേരിക്കന്‍ ഐ ടി കമ്പിനിയായ സ്പ്രിന്‍ക്ലറിന് കേരള ജനതയുടെ ഡാറ്റകള്‍ കൈമാറുന്നതിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണം.
സ്പ്രിന്‍ക്ലറുമായുള്ള ഇടപാടുകള്‍ ഐ ടി വകുപ്പിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോവില്ല. വിദേശകമ്പിനിയുമായുള്ള ദൂരൂഹ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേരള ജനതയോട് വിശദീകരിക്കാനുള്ള ബാധ്യത പിണറായി വിജയനുണ്ട്. ഇതില്‍ നിന്നും ഒളിച്ചോടുന്നത് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായുടെ വേഷമാണ് മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നതെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
ആരുടെയും സ്വകാര്യത കൈമാറില്ലെന്ന് സംസ്ഥാന ഐ ടി വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും സ്പ്രിന്‍ക്ലറുമായുള്ള കരാറില്‍ നിന്നും പിന്മാറില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കികഴിഞ്ഞു.
വിദേശകമ്പിനിയുമായി നടത്തിയ ഇടപാടുകളില്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നത് ഇതോടെ വ്യക്തമാവുന്നു. കേരളത്തിലെ ജനങ്ങളുടെ ഡാറ്റകള്‍ പൂര്‍ണ്ണമായും വിദേശകമ്പിനിക്ക് കൈമാറാന്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ പരസ്പരം പോരടിക്കുന്നത് കേരള ജനത തിരിച്ചറിഞ്ഞതായും ഡോ. പ്രമീളാദേവി ചൂണ്ടിക്കാട്ടി.