സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം

Kerala Latest News

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. താമസിക്കുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മ്മരാജന്‍ പത്ത് വര്‍ഷവും ഒന്‍പത് മാസവും ജയിലില്‍ കഴിഞ്ഞതായി അഭിഭാഷകന്‍ പി എസ് സുധീര്‍ ചൂണ്ടിക്കാട്ടി. കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധര്‍മ്മരാജന് പരോളിന് അര്‍ഹതയില്ലെന്നും, ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. നിലവില്‍ 701 തടവുകാരാണ് പൂജപ്പുര ജയിലില്‍ ഉള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കൊവിഡ് കേസ് പോലും ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ധര്‍മ്മരാജന്‍ ചെയ്തത് നിന്ദ്യമായ ക്രൂരകൃത്യമാണെങ്കിലും, ഹൈക്കോടതി ശരിവച്ച ശിക്ഷയ്ക്ക് എതിരായ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. പത്ത് വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം മാസത്തിലെ ആദ്യ തിങ്കളാഴ്ചയില്‍ പ്രദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *