കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കുമെന്ന് ടി നസിറുദ്ദീന്‍

Kerala Latest News

തിരുവനന്തപുരം: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോട് വിരട്ടല്‍ വേണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം.

‘മുഖ്യമന്ത്രി കച്ചവടക്കാരെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് വിശ്വസിക്കുന്നില്ല. അദ്ദേഹം കൈകാര്യം ചെയ്യില്ല. ജനാധിപത്യം കണ്ട ആളുകളാണ് ഞങ്ങള്‍. അതുകൊണ്ട് വിരട്ടല്‍ വേണ്ട. ജനങ്ങള്‍ക്കുവേണ്ടിയാണ് എല്ലാം സഹിക്കുന്നത്.’- നസിറുദ്ദീന്‍ പറഞ്ഞു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നുമുതല്‍ നല്‍കണമെന്നും അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യപാരികള്‍ പറയുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പു ലഭിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു. ചര്‍ച്ചയില്‍ ബക്രീദ്, ഓണം വിപണികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *