രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്. കെ പി സി സി പോഷക സംഘടനയായ ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ പേരുപറഞ്ഞ് വിമതനീക്കവുമായി രംഗത്ത് എത്തിയ ഒരുകൂട്ടമാളുകള്‍ക്കാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പിലെ പ്രമുഖനുമായ തമ്പാനൂര്‍ രവിയുടെ പിന്തുണ. ഒ ബി സി കോണ്‍ഗ്രസ് എന്ന പേരില്‍ കഴിഞ്ഞദിവസം ശിവഗിരി സര്‍ക്യൂട്ട് ടൂറിസം പദ്ധതി മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുകയും ഉദ്ഘാടനകനായി അവതരിക്കുകയും ചെയ്തതോടെയാണ് രവിയുടെ വിമതനീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം മറനീക്കിയത്.
യുവനേതാവായ അഡ്വ. സുമേഷ് അച്യുതനെ സംസ്ഥാന ചെയര്‍മാനാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാനത്തും ജില്ലാതലങ്ങളിലും ഒരുവര്‍ഷം മുമ്പ് പുനസംഘടിപ്പിച്ചിരുന്നു. സുമേഷിന്റെ നേതൃത്വത്തില്‍ കോവിഡ് കാലത്തും നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തി കോണ്‍ഗ്രസിലും പൊതുസമൂഹത്തിലും വലിയ കൈയ്യടി നേടാന്‍ വഴിവെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 70 കോടി രൂപയുടെ ശിവഗിരി സര്‍ക്യൂട്ട് ടൂറിസം പാതിവഴിയില്‍ ഉപേക്ഷിച്ച അധികൃതരുടെ നടപടിക്കെതിരെ സുമേഷ് അച്യുതന്റെ നേതൃത്വത്തില്‍ ശക്തമായി രംഗത്ത് എത്തുകയും വ്യത്യസ്ത സമരപരിപാടികളുമായി സജീവമായി രംഗത്തുണ്ട്. ഇതിനിടെയാണ് ഒ ബി സി കോണ്‍ഗ്രസ് എന്ന പേരില്‍ സ്വയം പ്രഖ്യാപിത സംഘടനയുമായി ഒരുകൂട്ടമാളുകള്‍ രംഗത്ത് എത്തിയത്. ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി തമ്പാനൂര്‍ രവി എത്തിയതാണ് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പില്‍ അടക്കം അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന തമ്പാനൂര്‍ രവിയുടെ നീക്കങ്ങള്‍ക്ക് എ ഗ്രൂപ്പിന്റെ പിന്തുണ ഇല്ലെന്ന സൂചനകളാണ് പറഞ്ഞുകേള്‍ക്കുന്നത്.
കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി മാനസിക അടുപ്പം സ്ഥാപിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളാണ് തമ്പാനൂര്‍ രവി അടുത്തകാലത്തായി സ്വീകരിച്ചുവരുന്നത്. ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളെല്ലാം തമ്പാനൂര്‍ രവിയുടെ വിമത നടപടിക്കെതിരെ പ്രതിഷേധ സ്വരം കടുപ്പിക്കാനൊരുങ്ങുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിരവധി പ്രക്ഷോഭ പരിപാടികളുമായി മുന്നിലുള്ള കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിനെ അസ്ഥിരപ്പെടുത്താനുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നീക്കത്തിനെതിരെ സുമേഷ് അച്യുതന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്.