ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ പ്രളയ ദുരന്തത്തിൽ പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 37 ആയി. അതേസമയം, ഇപ്പോഴും 168 പേരെ കണ്ടുകിട്ടാനുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. മൈതാന ഗ്രാമത്തിലെ നദീ തീരത്ത് നടത്തിയ തെരച്ചിലിൽ ആണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
തപോവൻ തുരങ്കത്തിൽ നിർത്തിവച്ചിരുന്ന രക്ഷാ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ റിഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുരങ്കത്തിലെ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങളിൽ 10 എണ്ണം മാത്രമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്നും ഡിജിപി അശോക് കുമാർ അറിയിച്ചു.
പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാലു ലക്ഷം രൂപയുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴാം തിയതിയാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ധനസഹായം പ്രഖ്യാപിച്ചത്.