ന്യൂഡൽഹി: പിഡിപിയുമായുള്ള സഖ്യത്തിൽനിന്നു ബിജെപി പിന്മാറിയതിനേത്തുടർന്ന് ഭരണപ്രതിസന്ധി നിലനിൽക്കുന്ന ജമ്മുകാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മു കാഷ്മീരിൽ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിച്ചു ഗവർണർ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും റിപ്പോർട്ടു നൽകി. ഇതിനു പിന്നാലെ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നുള്ള ശിപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.
പത്തു വർഷത്തിനിടെ നാലാം തവണയാണ് ജമ്മു കാഷ്മീരിൽ ഗവർണർ ഭരണം വരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഭരണപ്രതിസന്ധിയുണ്ടായാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമ്പോൾ, ഭരണഘടനയുടെ 370-ാം വകുപ്പ് കാഷ്മീരിനു നല്കിയിരിക്കുന്ന പ്രത്യേക പദവി പ്രകാരമാണ് ജമ്മു കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രത്യേക ഭരണഘടനയുടെ 92-ാം വകുപ്പനുസരിച്ചാണു ഗവർണർ ഭരണം. ആറുമാസത്തേക്കാണു ഗവർണർ ഭരണം ഏർപ്പെടുത്തുന്നത്.