തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിലെ ദാസ്യപ്പണി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സുരക്ഷാ ചുമതലകൾക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേർക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 പേർക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പോലീസുകാർ പട്ടിയെ കുളിപ്പിക്കേണ്ട. പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പോലീസുകാരുടെ പണിയല്ല. അച്ചടക്കത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ചെയ്താൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുൻ ഡിജിപി ടി.പി.സെൻകുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. കീഴുദ്യോഗസ്ഥരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസുകാരും സേനയിൽ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.മുരളീധരനാണ് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. ക്യാന്പ് ഫോളോവർമാരെ വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരൻ ആരോപിച്ചു.