തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിന്നു പിന്നാലെയുണ്ടായ പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസിൽ അന്വേഷണം സ്തംഭിപ്പിച്ചുവെന്ന് ആരോപിച്ച് നൽകിയ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം ബഹളംവക്കുകയും സഭ തടസപ്പെടുത്തുകയും ചെയ്തത്.
കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹര്യം ചര്‍ച്ച ചെയ്യണമെന്ന് വശ്യപ്പെട്ട് വി.ഡി.സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാൽ, നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്ന് ഉന്നയിച്ചാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
പിന്നാലെ, വിഷയം അടിയന്തിര സ്വഭാവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കസ്റ്റഡി മരണത്തിൽ പ്രതികളായ പോലീസുകാരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ ഡയസിനു മുകളില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്. സഭ സ്തംഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. പിന്നീട് അൽപ സമയത്തിന് ശേഷമാണ് സഭ വീണ്ടും ചേർന്നത്.
അതേസമയം, വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് മന്ത്രി എ.കെ.ബാലൻ സഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴാണ് നിയമമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഇപ്പോൾ അടിയന്തര പ്രാധാന്യമെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിനു പിന്നാലെ പ്രതിപക്ഷം വീണ്ടും ബഹളം വച്ചതോടെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.