ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു റോക്കറ്റ് കുതിച്ചുയർന്നു. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ദൗത്യം എസ്എസ്എൽവി ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.
ആദ്യ വിക്ഷേപണത്തിൽ വാഹനം രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും.
ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും.
രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു റോക്കറ്റ് കുതിച്ചുയർന്നത്. ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.
മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ൻറെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും. രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും. വിക്ഷേപണത്തിന് ശേഷം 3 ഘട്ടങ്ങൾക്ക് ശേഷം. 12 മിനുട്ടും 36 സെക്കൻറും പിന്നിട്ടപ്പോൾ ഇഒഎസ 2 ഭ്രമണപഥത്തിലെത്തി. അൻപത് സെക്കൻറുകൾ കൂടി പിന്നിടുമ്‌ബോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി.