തലശേരിയില്‍ സി.ഒ.ടി നസീറിന് പിന്തുണ നല്‍കാന്‍ ബി.ജെ.പി തീരുമാനം

Kerala Latest News

കണ്ണൂര്‍: ഒടുവില്‍ തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു.

പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാരോട് ആരെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിക്കും എന്ന പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയത്. നസീര്‍ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളൊന്നും മണ്ഡലത്തില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല.

ഒരുഘട്ടത്തില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വന്നതോടെ പിന്മാറി. ഇന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി നസീര്‍ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസീറും ബിജെപി നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

വടക്കന്‍ മലബാറില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തലശേരി. ഇവിടെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്താനിരുന്ന മണ്ഡലമായിരുന്നു തലശേരി. പത്രിക തള്ളിയതോടെ തലശേരിയിലെ പരിപാടി അമിത് ഷാ റദ്ദാക്കുകയായിരുന്നു. എ.എന്‍.ഷംസീറാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ എം.പി.അരവിന്ദാക്ഷനാണ് യുഡിഎഫിനായി ജനവിധി തേടുന്നത്.

അതിനിടെ തലശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കണമെന്ന ബിജെപി എംപിയും തൃശൂരിലെ സ്ഥാനാര്‍ഥിയുമായ സുരേഷ്‌ഗോപിയുടെ പ്രസ്താവനയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. സുരേഷ്‌ഗോപിയുടെ പ്രസ്താവനയോടെ കോണ്‍ഗ്രസ്-ബിജെപി രഹസ്യബന്ധം വ്യക്തമായെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ബിജെപി നസീറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *