‘എങ്ങനെയാണ് ഇതൊക്കെ പറയുന്നത്?, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്’; ജലീലിന്റെ പരാമർശത്തിൽ രോഷാകുലനായി ഗവർണർ

Kerala Latest News

കെടി ജലീലിന്റെ കശ്മീർ പരാമർശത്തിനെതിരെ ഗവർണർ. ‘കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്,’ അദ്ദേഹം പറഞ്ഞു.

പാങ്ങോട് സൈനിക ക്യാംപിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കശ്മീർ യാത്ര അവസാനിപ്പിച്ച് ഡൽഹിയിലായിരുന്ന ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി പുലർച്ചെ കോഴിക്കോട്ടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ‘ആസാദ് കശ്മീർ’ എന്നടക്കം പരാമർശിക്കുന്ന വിവാദ ഫെയ്‌സ്ബുക് പോസ്റ്റ് കഴിഞ്ഞദിവസം തിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *