ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. രാജ്യത്ത് മരണം വീണ്ടും ആയിരത്തിനു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം രാജ്യത്ത് 1,005 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ഉത്തരാഖണ്ഡും കേരളവുമാണ്. ഉത്തരാഖണ്ഡില്‍ ഇന്നലെ ഒറ്റദിവസം 221 മരണം രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ 142 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്താകെ 48,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 61,588 പേര്‍ രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 5,23,257 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 96.97 ശതമാനമാണെന്നത് ആശ്വാസത്തിനു വകനല്‍കുന്നുണ്ട്.
കേരളത്തലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച 13,658 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 9,771 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 4,506 കേസുകളും ആന്ധ്രാപ്രദേശില്‍ 3,797 കേസുകളും കര്‍ണാടകയില്‍ 3,382 കേസുകളും ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ആകെ കേസുകളുടെ 71.98 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കേസുകളുടെ 28 ശതമാനവും കേരളത്തില്‍നിന്നുമാണ്.