‘കുമ്മനടിച്ചത് ഞാനല്ല…മമ്മൂട്ടി ആണ്’; ട്രോളുകള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

Kerala Latest News

അങ്കമാലിയിലെ ടെക്സ്റ്റൈല്‍സ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി രംഗത്ത്. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോട് കൂടിയുള്ള കുറിപ്പില്‍ മമ്മൂട്ടിക്ക് അറിയാതെ പറ്റിയ അമളിയാണ് മുകളിലെ ഷോറും ഉദ്ഘാടനം എന്നാണ് എം എല്‍ എ വിശദീകരിച്ചത്.

കെട്ടിടത്തിന്റെ മൊത്തം ഉദ്ഘാടകന്‍ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം എം എല്‍ എയായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി വിശദീകരിച്ചു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തെന്നും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് വാങ്ങുന്നത് പരിഹസിക്കുന്നതിന് തുല്യമാകുമെന്നതിനാല്‍ അത് ചെയ്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ എം എല്‍ എ വിശദീകരിച്ചു.

എല്‍ദോസ് കുന്നപ്പള്ളിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
#കുമ്മനടിച്ചത്_ഞാനല്ല…

ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *