ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്നിവാസ് ധർണ ഏഴു ദിവസം പിന്നിടുന്പോൾ, ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്റെ ഷുഗർ നില താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നത്. വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്നങ്ങളിൽ ഡൽഹി ജനത വീർപ്പുമുട്ടുന്നതിനിടെയാണു അധികാരത്തർക്കത്തിന്റെ പിടിവാശികളിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്.
കേജരിവാളിന്റെ സമരം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നിവർ പ്രധാനമന്ത്രിയോടു നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.