police

മഫ്തിയിലെത്തി യുവാവിനെ മര്‍ദ്ദിച്ച സംഭവം: നാല് പൊലീസുകാർക്കെതിരെ കേസ്

Kerala

 

ആലുവ: എറണാകുളം എടത്തലയില്‍ മഫ്തിയിലെത്തി യുവാവിനെ മര്‍ദിച്ച നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സംഭവം അന്വേഷിക്കും. ഇന്നലെ രാത്രിയിലാണു രണ്ടുമാസത്തെ അവധിക്കു നാട്ടിലെത്തിയ പ്രവാസി യുവാവിനെ പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്മാന്റെ കവിളെല്ലിനു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോകര്‍മാര്‍ അറിയിച്ചു. ഉസ്മാന്റെ മുഖം ഉള്‍പ്പെടെ ദേഹത്തു പലയിടത്തും മര്‍ദനത്തിന്റെ ക്ഷതമേറ്റ പാടുകളുണ്ട്. ജില്ലാ ആശുപത്രിയില്‍നിന്നു പിന്നീടു വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്ക്കു സമീപത്തുനിന്നാണു സ്വകാര്യ കാറില്‍ മഫ്തിയില്‍ എത്തിയ പൊലീസ് സംഘം ഉസ്മാനെ പിടികൂടിയത്. എടത്തല എസ്‌ഐ ജി. അരുണിന്റേതാണു കാര്‍. എന്നാല്‍ എസ്‌ഐ കാറില്‍ ഉണ്ടായിരുന്നില്ല.

സംഭവത്തെ കുറിച്ചു നാട്ടുകാര്‍ പറയുന്നതിങ്ങനെ, നോമ്പുതുറയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്നു ഉസ്മാന്‍. ഈ സമയം അമിത വേഗത്തിലെത്തിയ സ്വകാര്യ കാര്‍ ഉസ്മാനെ ഇടിച്ചിട്ടു. റോഡില്‍ വീണ ഉസ്മാന്‍ എഴുന്നേറ്റു കാറിലുണ്ടായിരുന്നവരോടു തട്ടിക്കയറി. ഒറ്റനോട്ടത്തില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണു കരുതിയത്. കാറിലുള്ളവര്‍ പുറത്തിറങ്ങി ഉസ്മാനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. തുടര്‍ന്നു കാറിലേക്കു വലിച്ചുകയറ്റി കൊണ്ടുപോവുകയും ചെയ്തു. ഉസ്മാനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെടാന്‍ ആളുകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണു കാര്‍ എസ്‌ഐയുടേതാണെന്നും അകത്തുണ്ടായിരുന്നവര്‍ പൊലീസുകാരാണെന്നും അറിഞ്ഞത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ പൊലീസ് ഭീഷണി മുഴക്കി. ഏറെ നേരം അസഭ്യവര്‍ഷം നടത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നു ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്