മഹാരാഷ്ട്ര ; ആഭ്യന്തരം, ധനകാര്യം ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിന്,നഗരവികസനവും പിഡബ്ല്യുഡിയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക്

India Latest News

 

മഹാരാഷ്ട്രയില്‍ ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്. സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ച പിന്നിട്ട ശേഷമാണ് വകുപ്പുകളില്‍ തീരുമാനമായത്. ധനത്തിനൊപ്പം പ്ലാനിങ് വകുപ്പും നിയമം, ജലവിഭവം, ഭവനനിര്‍മാണം, ഊര്‍ജ വകുപ്പുകളും ഫഡ്‌നാവിസ് കൈകാര്യം ചെയ്യും.

നഗരവികസന വകുപ്പും പിഡബ്ല്യുഡിയുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക്. പൊതുഭരണം, ഐടി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഗതാഗതം, മാര്‍ക്കറ്റിങ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് സ്‌പെഷല്‍ അസിസ്റ്റന്‍സ്, റിലീഫ് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ദുരന്തനിവാരണം, മണ്ണ് ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കാത്ത വകുപ്പുകളും നിലവില്‍ ഷിന്‍ഡെയുടെ കീഴില്‍ തന്നെയാണ്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോള്‍ ഇതില്‍ പലതും നഷ്ടപ്പെടും.

ബിജെപി മന്ത്രിയായ വിഖെ പാട്ടീലാകും പുതിയ റവന്യൂ മന്ത്രി. വനം വകുപ്പ് സുധീന്‍ മുംങ്ഗാതിവറിനാണ്. മുന്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാര്‍ലമെന്ററി കാര്യത്തിന്റെയും ചുമതല. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഷിന്‍ഡെ ക്യാമ്പിലെ ദീപക് കേസര്‍കറിനു ലഭിച്ചു. അബ്ദുല്‍ സത്താറാണ് കൃഷി മന്ത്രി. സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ ഷിന്‍ഡെയ്ക്കു കഴിഞ്ഞത്. ബിജെപി, ഷിന്‍ഡെ ക്യാമ്പുകളില്‍ നിന്ന് ഒന്‍പത് പേരെ വീതം കൂട്ടി 18 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇവരുടേത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *