Cheriyan PHILIP

മുഖ്യമന്ത്രി പിണറായിയുടെ ഉപദേശകനാകാന്‍ ചെറിയാന്‍ ഫിലിപ്പ് എത്തുന്നു, ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും

Latest News

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശങ്ങള്‍ നല്‍കാന്‍ ഇടതു സഹയാത്രികനും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായിരുന്ന ചെറിയാന്‍ ഫിലിപ്പ് എത്തുന്നു. പോലീസ്, ധനകാര്യം, ശാസ്ത്ര സാങ്കേതികം, മാധ്യമം അടക്കം നിരവധി രംഗങ്ങളിലെ പ്രമുഖരെ മുഖ്യമന്ത്രി ഉപദേശകരായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലേക്കാണ് ചെറിയാനും എത്തുന്നത്. രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ സി പി എം നോമിനിയായി ചെറിയാന്‍ ഫിലിപ്പിനെ സജീവമായി പരിഗണിച്ചിരുന്നു.

ഇതിനിടെ ട്രേഡ് യൂണിയന്‍ രംഗത്ത് നിന്നുള്ള ഒരാളെ രാജ്യസഭയിലേക്ക് അയക്കണമെന്ന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ പരിഗണിക്കണമെന്ന നിര്‍ദേശവും വന്നതോടെ എളമരം കരീമിന് നറുക്കു വീഴുകയായിരുന്നു. ഇതോടെ രാജ്യസഭാ സീറ്റില്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചെറിയാന്‍ ഫിലിപ്പ് നിരാശനായി. മുഖ്യമന്ത്രി പിണറായിയും കോടിയേരി ബാലകൃഷ്ണനും രാജ്യസഭയിലേക്ക് ചെറിയാന്റെ പേര് പാര്‍ട്ടി കമ്മറ്റികളില്‍ അനൗദ്യോഗികമായി നിര്‍ദേശിച്ചിരുന്നു. കാര്യമായ എതിര്‍പ്പുകളൊന്നും ഇക്കാര്യത്തില്‍ എവിടെ നിന്നും ഉണ്ടായുമില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ ബര്‍ത്ത് ഉറപ്പിച്ച ചെറിയാന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പെട്ടെന്നുണ്ടായ വീണ്ടുവിചാരം തിരിച്ചടിയായി.

രാജ്യസഭാ സീറ്റില്ലെന്ന് ഉറപ്പാക്കിയതോടെ തീര്‍ത്തുനിരാശനായി ചെറിയാന്‍ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിക്കുന്ന വിവരം പങ്കുവെക്കുകയും ചെയ്തു. ഈ വിവരം മുഖ്യമന്ത്രി പിണറായിയുടെ ചെവിയിലുമെത്തി. ഉടന്‍ തന്നെ ചെറിയാന്‍ ഫിലിപ്പിനെ മുഖ്യമന്ത്രി തന്റെ ഓഫീസിലേക്ക് അടിയന്തരമായി എത്തണമെന്ന് നിര്‍ദേശം നല്‍കി. പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ രാജ്യസഭയിലേക്ക് പരിഗണിക്കാന്‍ കഴിയാതിരുന്നതിലുള്ള സാങ്കേതികത്വം പിണറായി ചെറിയാന്‍ ഫിലിപ്പിനെ അറിയിച്ചു. പകരമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദൈനംദിന കാര്യങ്ങളുടെ ഉപദേശകന്റെ റോളില്‍ എം വി ജയരാജനൊപ്പം പ്രവര്‍ത്തിക്കാന്‍ പിണറായി നിര്‍ദേശം മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ ചെറിയാന്‍ ഫിലിപ്പ് സമ്മതം മൂളിയതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി ചെറിയാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങും.

ഏ കെ ആന്റണി, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുന്‍പന്തിയില്‍ നിലകൊണ്ട നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ഗ്രൂപ്പ് സമവാക്യങ്ങളും നിലപാടുകളിലെ കാര്‍ക്കശ്വം മൂലം നിരവധി നേതാക്കളുടെ കണ്ണിലെ കരടായി മാറിയ ചെറിയാന്‍ ഫിലിപ്പ് ഒടുവില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് 15 വര്‍ഷത്തോളമായി ഇടതുസഹയാത്രികയായി പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം ചെറിയാന്‍ ഫിലിപ്പ് വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *