ഷാജഹാന്‍ വധം: സിപിഎം നിലപാടിനൊപ്പം നില്‍ക്കാതെ യച്ചൂരി

Kerala Latest News

പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് ഏറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാല്‍ ഇത്തരം നിഗമനങ്ങളിലേക്കെത്താന്‍ സമയമായിട്ടില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും യച്ചൂരി പ്രതികരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാടാണ് സ്വീകരിച്ചത്. കൊലപാതകമുണ്ടായാല്‍ ഉടന്‍തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകര്‍ക്കാര്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
അതേസമയം, മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നില്‍ ആര്‍എസ്എസ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു. പാലക്കാട് കൊട്ടേക്കാട് സിപിഎം നേതാവ് ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു. എട്ടുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *