കാക്കനാട് ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസില്‍ അര്‍ഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സജീവിന്റെ മൃതദേഹം ഫ്ളാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ പ്രതി അര്‍ഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും കമ്മീഷണര്‍ വിശദീകരിച്ചു.
കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഡില്‍ പൊതിഞ്ഞ് ഡക്ടിലൂടെ താഴേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നു. ഇത് കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരത്തില്‍ മൃതദേഹം ബെഡ്ഡില്‍ പൊതിങ്ങ് താഴേക്ക് പോകുന്ന രീതിയില്‍ കുത്തി നിര്‍ത്തുന്നതിന് ഒരാള്‍ക്ക് ഒറ്റയ്ക്ക് മാത്രം കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂ. ഇതുസംബന്ധിച്ച് നാളെയോടെ വ്യക്തത ലഭിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കൊല്ലപ്പെട്ട സജീവും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു. ഇരുവരും തമ്മില്‍ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. കൊലപാതകം നടന്ന ഫ്ലാറ്റില്‍ സിസിടിവി ഉണ്ടായില്ല. അതിനാല്‍ ഫ്ലാറ്റില്‍ മറ്റാരെങ്കിലുമെത്തിയിരുന്നോ എന്നത് കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ വേണ്ടി വരുമെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.