സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala Latest News

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോള്‍, കോടതി സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ജനറല്‍ വാര്‍ഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് ലഭ്യമാക്കണം.

ഓക്സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആശുപത്രികളുടെ കൊള്ള സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് നിശ്ചയിച്ച അംഗീകൃത നിരക്കുകള്‍ സര്‍ക്കാര്‍ കോടതിയെ അറിച്ചത്. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുകയാണെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു.

രണ്ട് ദിവസത്തെ ഓക്‌സിജന് നാല്‍പതിനായിരത്തോളം രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ പിന്നാലെയാണ് പുതുക്കിയ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *