രാഷ്ട്രീയകാര്യ ലേഖകന്‍
ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്കെതിരെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മോശം പദപ്രയോഗങ്ങള്‍ ഒടുവില്‍ മുല്ലപ്പള്ളിയുടെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. മുല്ലപ്പള്ളിയെ കൈവിട്ട് മുഖം രക്ഷിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുമ്പോള്‍ മുല്ലപ്പള്ളിയുടെ എക്കാലത്തെയും വിശ്വസ്തനായിരുന്ന കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് എ കെ ആന്റണിയും മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ചുകഴിഞ്ഞു.
വനിതാ മന്ത്രിക്കെതിരായ പദപ്രയോഗങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ശക്തമായ വിയോജിപ്പ് അറിയിച്ചതായാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. മുല്ലപ്പള്ളി ആരോഗ്യമന്ത്രിക്കെതിരെ നടത്തിയ നിപ്പ രാജ്ഞി, കോവിഡ് റാണി പ്രയോഗങ്ങള്‍ക്കെതിരെ കേരളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ നിലപാടെടുത്തതോടെ മുല്ലപ്പള്ളിയെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി മുഖം രക്ഷിക്കാതെ മറ്റു വഴികളില്ലെന്നാണ് ദേശീയ നേതൃത്വം നല്കുന്ന സൂചന. കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ മുന്നില്‍ നിര്‍ത്തി തദ്ദേശസ്വയം ഭരണം തിരഞ്ഞെടുപ്പും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും നേരിടാന്‍ കഴിയില്ലെന്നാണ് കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍ന്മാരുടെ പൊതുവികാരം. അതസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു ഡി എഫിലും കോണ്‍ഗ്രസിലും പിടിമുറുക്കിയതോടെയാണ്, മുല്ലപ്പള്ളിയെ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടി ഘടകങ്ങളെ കൂടിനിര്ത്താന് പ്രേരിപ്പിച്ചതായാണ് വിവരം.
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും പാര്‍ട്ടി ഘടകങ്ങളെ തിരഞ്ഞെടുപ്പ് സജ്ജമാക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം ഇല്ലാതായതോടെ സാമ്പത്തികമായി ദുര്‍ബലമായ പാര്‍ട്ടി സംവിധാനങ്ങളെ ഏങ്ങനെ ചലിപ്പിക്കുമെന്നതാണ് കെ പി സി സി അധ്യക്ഷന്‍ മുന്നിലുള്ള വലിയ വെല്ലുവിളി. ഒപ്പം കേരളത്തിലെ എ ഐ ഗ്രൂപ്പുകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന്‍ കഴിയാത്തതും മുല്ലപ്പള്ളി എന്ന കെ പി സി സി അധ്യക്ഷനെ ദുര്ബ്ബലനാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി സി പി എമ്മിനെ കടന്നാക്രമിച്ച് പാര്‍ട്ടി ഘടകങ്ങളെ കൂടെ നിര്‍ത്തുക എന്ന പൊളിറ്റിക്കല്‍ അജണ്ടയാണ് രാമചന്ദ്രന്റെ മുന്നിലുള്ളത്. കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിലെ ആരോഗ്യരംഗം കൈകൊണ്ട പ്രതിരോധനടപടികള്‍ക്ക് ലോകത്തിന്റെ കൈയ്യടി കിട്ടിയ വേളയില്‍ മന്ത്രി കെ കെ ഷൈലജ ടീച്ചറെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
ഷൈലജ ടീച്ചറെ പിന്തുണച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് അടക്കമുള്ളവര്‍ രംഗത്ത് എത്തിയതും ഇക്കാര്യത്തില്‍ പൊതുവികാരം മുല്ലപ്പള്ളിക്ക് എതിരാണെന്ന് വ്യക്തമാക്കുന്നു. അതേസമയം തന്റെ പദപ്രയോഗങ്ങളില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച മുല്ലപ്പള്ളിയുടെ മുന്നോട്ടുള്ള പോക്ക് എത്രകണ്ട് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. നാക്കുപിഴവില്‍ മാപ്പ് ചോദിച്ച് തടിയൂരാന്‍ ചില തലമുതിര്‍ന്ന നേതാക്കള്‍ രാമചന്ദ്രനോട് ആവശ്യപ്പെട്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. മുല്ലപ്പള്ളിക്കെതിരെ യു ഡി എഫിലെ പ്രമുഖ പാര്‍ട്ടിയായ മുസ്ലിം ലീഗ് രംഗത്ത് എത്തിയതും കേരളത്തില്‍ പുതിയൊരു പാര്‍ട്ടി അധ്യക്ഷനെ തേടാന്‍ ഹൈക്കമാന്‍ഡിനെ നിര്ബന്ധിപ്പിക്കുന്നുവെന്നാണ് വിവരം.