ആര്‍ അജിരാജകുമാര്‍
കൊച്ചി: സംസ്ഥാനത്ത് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ പുറത്തായതോടെ വായ്പ പരിധി കുറയ്ക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കുകള്‍ രംഗത്ത്. കോടിക്കണക്കിന് രൂപയാണ് വിവിധ പൊതു- സ്വകാര്യ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങള്‍ കടമെടുത്തിരിക്കുന്നത്. കോവിഡ് കാലത്ത് മൊറോട്ടോറിയം മറയാക്കി മിക്ക സ്ഥാപനങ്ങളും ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ തിരിച്ചടവ് നടത്തിയിരുന്നില്ല. മൈക്രോ ഫിനാന്‍സ് ഇടപാടുകളില്‍ വിതരണം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തിരിച്ചടവ് പഴയ സ്ഥിതിയിലാക്കാന്‍ നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇതോടെ, ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുമെന്ന അപകടം മണത്തതോടെയാണ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുടെ വായ്പ പരിധി പകുതിയായി കുറയ്ക്കണമെന്ന ആവശ്യം ബാങ്ക് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പു കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. കൃത്യമായ മൂലധനമോ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ബാലന്‍സ് ഷീറ്റോ ഇല്ലാതെയാണ് മിക്ക കമ്പിനികളുടെയും ഇടപാടുകള്‍. റിയല്‍ എസ്റ്റേറ്റിലും ഓട്ടോ മൊബൈല്‍ ബിസിനസ്സിലും എക്‌സ്‌പോര്‍ട്ടിംഗ് രംഗത്തും കോടിക്കണക്കിന് രൂപ നിക്ഷേപിച്ച സ്വകാര്യ പലിശ മുതലാളിമാരുടെ ലാഭം വട്ടപൂജ്യമാണ്. കോവിഡ് പ്രതിസന്ധിയില്‍ നിക്ഷേപകരുടെ പണം വകമാറ്റി ആരംഭിച്ച മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയിരിക്കുന്നു. ഈ പ്രതികൂല സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടവും മുടങ്ങുന്ന അവസ്ഥയിലാണ്. ഈ അപകടം മുന്നില്‍ക്കണ്ടാണ് ബാങ്കുകള്‍ കര്‍ശന വ്യവസ്ഥകളുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിരിക്കുന്നത്.
ഇതിനിടെ, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സംസ്ഥാന നികുതി വകുപ്പും പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തിലും അവസാനത്തിലും സംസ്ഥാന സര്‍ക്കാരിന്റെ കീഴിയുള്ള നികുതി വകുപ്പില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ ഇല്ലാതെയാണ് മിക്ക കമ്പിനികളും പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ കാലേക്കൂട്ടിയുള്ള നീക്കം നടത്താനാണ് ധനവകുപ്പിന്റെ നിര്‍ദേശം. സ്വര്‍ണ്ണ പണയത്തിന് 2021 മാര്‍ച്ച് 31 വരെ 90 ശതമാനം തുക നല്‍കാമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 7.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന തുകയേക്കാള്‍ കൂടുതല്‍ പണം ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണ പണയ വായ്പ ബിസിനസ്സിലും വലിയ ഇടിവാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്.
7.5 ശതമാനം വാര്‍ഷിക പലിശ ഈടാക്കി സ്വര്‍ണ്ണപണയം പൊതുമേഖലാ ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും തട്ടിയെടുക്കുന്നത് 24 മുതല്‍ 36 ശതമാനം പലിശയാണ്. ഇത്തരം പകല്‍ക്കൊള്ളകള്‍ ഓരോ ദിവസവും പുറത്തുവരുന്നതോടെ കൂടുതല്‍ പലിശ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവിടങ്ങളില്‍ പണം നിക്ഷേപിച്ചവരും ആശങ്കയിലാണ്. ഇല്ലാത്ത ലാഭക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കാലങ്ങളായി നടത്തിവരുന്നത്. നിക്ഷേപകര്‍ക്ക് കൃത്യമായ പലിശ നല്‍കുന്നതിനാല്‍ തങ്ങളുടെ നിക്ഷേപ തുക എവിടെപ്പോയെന്ന കാര്യത്തില്‍ പലരും തലപുകയ്ക്കാറില്ല. പ്രതിമാസം 12.5 മുതല്‍ 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഓരോ മാസവും ലക്ഷക്കണക്കിന് രൂപ ഇവര്‍ നിക്ഷേപമായി സ്വീകരിക്കുന്നത്.
റിസര്‍വ്വ് ബാങ്കിന്റെയോ കേരള മണിലെന്‍ഡേഴ്‌സ് ആക്ടിന്റെ പരിധിയില്‍ നിന്നോ കൂടിയ പലിശ ഓഫര്‍ ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരം നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ബ്ലേഡ് മാഫിയകളുടെ ഇടപാടുകള്‍. അപ്രതീക്ഷിതമായി കോവിഡ് പ്രതിസന്ധിയില്‍ സമസ്ത മേഖലകളും തകര്‍ന്നടിഞ്ഞതോടെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നത്.