ആര്‍ അജിരാജകുമാര്‍
കൊച്ചി: 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ അറസ്റ്റും പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്ത കോടികളുടെ അനധികൃത ഇടപാടുകളും പുറത്തായതോടെ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലേക്ക്. കൂനിന്മേല്‍ കുരുവായി കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ കേരളത്തിലെ മിക്ക പണമിടപാട് സ്ഥാപനങ്ങളും വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ബലപ്പെടുന്നു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 250 കോടിയില്‍ അധികം രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. ചില സ്ഥാപനങ്ങളില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരോട് രണ്ടുമുതല്‍ ആറുമാസം നിക്ഷേപത്തുക മടങ്ങി നല്‍കാന്‍ അവധി ആവശ്യപ്പെട്ടതായും അറിയുന്നു. മിക്ക സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം വൈകിയാണ് ലഭിക്കുന്നത്. കോവിഡിന്റെ പേരില്‍ ശമ്പളം പകുതിയാക്കി കുറച്ച സ്ഥാപനങ്ങളുമുണ്ട്. എന്‍ സി ഡി അടക്കം വിവിധ സ്‌കീമുകളില്‍ വാങ്ങിയ പണം പലരും വീണ്ടും നിക്ഷേപിക്കാന്‍ ധൈര്യം കാട്ടിയില്ല. പിന്‍വലിച്ച പണത്തില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കെ എസ് എഫ് ഇയിലും പോസ്റ്റല്‍ വകുപ്പിന്റെ വിവിധ സ്‌കീമുകളിലുമായി നിക്ഷേപിക്കുന്നതിനാണ് ജനങ്ങള്‍ താല്‍പര്യം കാട്ടിയിരിക്കുന്നത്.
റിസര്‍വ്വ് ബാങ്കിന്റെ അനുമതി ഇല്ലാതെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചുവന്ന വലുതും ചെറുതുമായ നിരവധി പണമിടപാട് സ്ഥാപനങ്ങളാണ് സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പിന് പിന്നാലെ കേരളത്തില്‍ നാല് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളുവെന്ന് റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെ നൂറുകണക്കിന് പ്രവാസികളും പെന്‍ഷന്‍ വാങ്ങി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിനാളുകളും തങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങളിലേക്ക് മാറ്റാന്‍ തയ്യാറായത്. കൊള്ള പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്നും വാങ്ങുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം റിയല്‍ എസ്റ്റേറ്റ്, സോളാര്‍, ഓട്ടോമൊബൈല്‍, ടെക്‌സ്റ്റയില്‍ ബിസിനസ്സുകളിലേക്ക് വകമാറ്റിയ കമ്പനികളാണ് കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നത്. വിവിധ ബാങ്കുകളില്‍ നിന്നും പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകളുടെ പരിധിതുക കുറയ്ക്കണമെന്ന് ആവശ്യവുമായി ബാങ്ക് അധികൃതര്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ദിവസവും കയറിയിറങ്ങുകയാണ്.
കൊള്ളപലിശ ഈടാക്കി വിവിധ ബിസിനസ്സ് സംരംഭകര്‍ക്ക് നല്‍കിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതും ധനകാര്യ സ്ഥാപനങ്ങളുടെ അസ്ഥിവാരം തോണ്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍ ബി എഫ് സികളുടെ എന്‍ സി ഡി നിക്ഷേപം സുരക്ഷിതമാണെന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് പണമിടപാട് സ്ഥാപനങ്ങള്‍ വാങ്ങിയെടുക്കുന്നത്. എന്നാല്‍ എന്‍ സി ഡി നിക്ഷേപം സ്വീകരിക്കുന്നത് മുന്നോടിയായി റിസര്‍വ്വ് ബാങ്ക് അധികൃര്‍ക്ക് നല്‍കുന്ന കമ്പിനികളുടെ ആസ്ഥി സംബന്ധിച്ച വിവരങ്ങളുടെ പൊരുത്തക്കേടുകള്‍ വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആധാരത്തില്‍ വസ്തുക്കള്‍ക്ക് കൂടുതല്‍ മൂല്യം പെരുപ്പിച്ച് കാട്ടിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ ഉയരുന്നത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ പണമിടപാടുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം വന്നതോടെ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്ക് കോടിക്കണക്കിന് രൂപയാണ് നിക്ഷേപമായെത്തിയത്. എന്നാല്‍ പോപ്പുലറിന്റെ തകര്‍ച്ചയും നിക്ഷേപം സ്വീകരിക്കാന്‍ കേരളത്തിലെ മിക്ക പണമിടപാട് സ്ഥാപനങ്ങള്‍ക്കും റിസര്‍വ്വ് ബാങ്ക് അനുമതി ഇല്ലെന്ന മുന്നറിയിപ്പും വന്നതോടെ നിക്ഷേപങ്ങള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങളിലേക്ക് മാറ്റാന്‍ മിക്കവരും തയ്യാറായിരിക്കുന്നത്.