സ്വയം പ്രഖ്യാപിത ബിഷപ്പ് കെ പി യോഹന്നാനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നിര്‍ബന്ധിത മതപരിവര്‍ത്തനം, കോടികളുടെ ഹവാല ഇടപാടുകള്‍, രാഷ്ട്രീയക്കാര്‍ അടക്കം നിരവധി സ്വന്തക്കാരുടെ പേരില്‍ ബിനാമി സ്വത്തുക്കള്‍, ദിവസവും പുറത്തുവരുന്നത് തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍; അമേരിക്കയിലുള്ള ബിഷപ്പിനെ രാജ്യത്ത് എത്തിച്ച് ചോദ്യം ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി കേന്ദ്രം

Latest News

ആര്‍ അജിരാജകുമാര്‍

കൊച്ചി: സ്വന്തമായി ബീലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്ന പേരില്‍ ക്രൈസ്തവ സഭയുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന ബിഷപ്പ് കെ പി യോഹന്നാനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുരുക്ക് മുറുക്കി. അമേരിക്കയിലുള്ള ബിഷപ്പിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുകയാണ് വിവിധ അന്വേഷണ ഏജന്‍സികള്‍. കെ പി യോഹന്നാന്റെ സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ബീലിവേഴ്‌സ് ചര്‍ച്ചിലേക്ക് മതംമാറ്റിയത് അടക്കം നിരവധി പരാതികളും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചുകഴിഞ്ഞു.

മധ്യതിരുവിതാംകൂറിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവ്, പിണറായി മന്ത്രിസഭയിലെ പ്രമുഖന്‍, ബി ജെ പി മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി അടക്കം നിരവധി പേരെ വരും ദിവസങ്ങളില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബിനാമികളാക്കിയുള്ള കെ പി യോഹന്നാന്റെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് കൃത്യമായ വിവരം ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും യോഹന്നാനെതിരെ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ കെ പി യോഹന്നാനുമായി ബന്ധപ്പെട്ട് രാജ്യത്തെ 66 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റെയ്ഡ് നാലാം ദിവസം കഴിയുമ്പോഴും പുരോഗമിക്കുകയാണ്. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ബിലീവേഴ്‌സ് ചര്‍ച്ച് ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.

ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ തുടരുന്ന റെയ്ഡില്‍ നിരോധിതനോട്ട് അടക്കം 11 കോടി രൂപയുടെ അനധികൃത പണം പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുകോടി രൂപയോളം നിരോധിത നോട്ടുകളും പിടികൂടി. ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നും ഒമ്പതുകോടി രൂപയുടെ നോട്ടുകള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ 6000 കോടിയോളം വിദേശ പണം രാജ്യത്ത് എത്തിയതായാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. ശക്തമായ പോലീസ് കാവലിലാണ് നാലാം ദിവസവും ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ പുരോഗമിക്കുന്നത്. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ എഫ്‌സിഐര്‍ഐ ലൈസന്‍സ് റദ്ദാക്കിയേക്കും.

എഫ് സി ആര്‍ഐയുടെ മറവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തില്‍ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 30 ഓളം പേപ്പര്‍ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്‌സിആര്‍ഐ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക. റെയ്ഡ് മുന്നില്‍ കണ്ട് സഭാ വൃത്തങ്ങള്‍ പണം കടത്താന്‍ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഇക്കാര്യം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോ എന്‍ഫോഴ്‌സ്‌മെന്റ് അധികാരികളോ തിരുവല്ലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകള്‍ സംബന്ധിച്ച് സഭാനേതൃത്വത്തിന്റെ പ്രതികരണവും വന്നിട്ടില്ല.
അതിനിടെ ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ മറവില്‍നടന്ന അനധികൃത പണമിടപാടുകളെപ്പറ്റി സമഗ്ര അന്വേഷണംവേണമെന്ന് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം ഭാരവാഹികളായ അഡ്വ. സ്റ്റീഫന്‍ ഐസക്ക്, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ രംഗത്ത് എത്തി. സഭയെയും മെത്രാപ്പൊലീത്തയെയും വിശ്വാസിസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് സഭയുടെ ചുമതലവഹിക്കുന്ന ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇവര്‍ ആരോപിച്ചു. സഭയിലെ ചില ഉന്നതര്‍, മെത്രാപ്പൊലീത്തയെ ഭീഷണിപ്പെടുത്തി അഴിമതി നടത്തുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇതോടെ കള്ളപ്പണത്തിന്റെ ഉത്തരവാദിത്തം ബിഷപ്പ് കെപി യോഹന്നാന് ഇല്ലെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നുവെന്ന വിലയിരുത്തലും എത്തുകയാണ്. മറ്റൊരു സ്ഥാപനവും കൈവരിക്കാനാകാത്ത നേട്ടങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് ബിലീവേഴ്‌സ് കൈവരിച്ചത്. ഇതെല്ലാം വിദേശ സഹായമായി എത്തിയ പണം കൊണ്ടാണ്.

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുടെ ആസ്ഥാനം, മെഡിക്കല്‍ കോളജ്, മറ്റു ഭദ്രാസനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആദായ നികുതി വകുപ്പ് കോടികള്‍ പിടികൂടിയതിന് പിന്നില്‍ പിന്‍ഗാമി തര്‍ക്കമെന്ന് സൂചന. കോടികളുടെ ആസ്തിയുള്ള സഭയുടെ ധനകാര്യം കൈകാര്യം ചെയ്യുന്ന മൂന്നു പേരെ ലക്ഷ്യമിട്ട് സഭയിലെ തന്നെ മറുപക്ഷമാണ് പണം ഇരിക്കുന്ന സ്ഥലം സഹിതം ആദായ നികുതി വകുപ്പിന് ഒറ്റിയതെന്ന സംശയം പുറത്തു വരുന്നു. ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവയുടെ മറവില്‍ വിദേശ നാണയ ചട്ടം ലംഘിച്ച് രാജ്യത്തിന് പുറത്തുനിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും ഈ പണം ഉപയോഗിച്ച് വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായും തുടങ്ങി യോഹന്നാനെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കെ പി യോഹന്നാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യോഹന്നാന്‍ സ്ഥാപിച്ച ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പേരില്‍ ഏഴായിരം ഏക്കര്‍ ഭൂമിയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ പതിനായിരം ഏക്കര്‍ ഭൂമിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ടു ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും പുറത്തുവന്നിരുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിന് വേണ്ടി മാത്രം 1991 മുതല്‍ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും 2002 മുതല്‍ 2008 വരെ ബിലീവേഴ്‌സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്ത് നിന്ന് ലഭിച്ചതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക്‌തെിരെ അമേരിക്കയില്‍ കേസ് വന്നിരുന്നു. ഒടുവില്‍ 37 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *