പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. വെള്ളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശ്രീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബിജെപി ഒദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ. ശ്രീധരന്‍ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
രണ്ടുവര്‍ഷത്തിനകം പാലക്കാടിനെ മികച്ച നഗരമാക്കും. താന്‍ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതല്‍ അനുഭവ സമ്പത്താവുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ സാഹചര്യം ഉണ്ടായിരുന്നില്ല. 67 കൊല്ലം സര്‍ക്കാരിനെ സേവിച്ചു. ജനസേവനത്തിന്റെ മറ്റൊരു മേഖലയായിരുന്നു അത്. ഇപ്പോള്‍ ആ മേഖല അവസാനിപ്പിച്ച് പുതിയ രംഗത്തേക്ക് വരുന്നു. ഡല്‍ഹി, കൊച്ചി തുടങ്ങി രാജ്യത്തെ എല്ലാ മെട്രോ റെയില്‍വേയും പ്രാവര്‍ത്തികമാക്കുന്നതിന് സാധിച്ചെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാവിലെ പൊന്നാനിയിലെ വീട്ടില്‍ നിന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശ്രീധരന് ജില്ലാ പ്രസിഡന്റ് കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയാറാക്കിയ സാധ്യത പട്ടിക അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.