തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജവോട്ടര്‍മാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സംസ്ഥാന തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഉദുമയില്‍ കുമാരി എന്ന സ്ത്രീ അഞ്ചു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു.
ഒരേ ഫോട്ടോയും വിലാസവും നല്‍കിയാണ് അഞ്ചു തവണ പേര് ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണ്, ഇവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കണം, വ്യാജവോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ സംവിധാനമായതിനാല്‍ കള്ളവോട്ട് ചെയ്യാന്‍ പേര് ചേര്‍ത്തവരെ പെട്ടെന്ന് കണ്ടെത്താനാകും. 140 മണ്ഡലങ്ങളിലും വോട്ടര്‍പട്ടിക പരിശോധിച്ച് കുറ്റമറ്റതും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.