വാഷിംഗ്ടൺ ഡിസി: അടുത്ത ചൊവ്വാഴ്ച സിംഗപ്പൂർ സമയം രാവിലെ ഒന്‍പതിനായിരിക്കും ലോകം ഉറ്റുനോക്കുന്ന കിം- ട്രംപ് കൂടിക്കാഴ്ച ആരംഭിക്കുകയെന്നു വൈറ്റ്ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വേദി സംബന്ധിച്ച് പ്രഖ്യാപനത്തിൽ ഒന്നും പറയുന്നില്ല. എന്നാൽ സെന്റോസ ദ്വീപ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് ആതിഥേയ രാജ്യമായ സിംഗപ്പൂർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇവിടത്തെ കപ്പെല്ലാ ഹോട്ടൽ ഉച്ചകോടിക്കു വേദിയാകുമെന്നു കരുതപ്പെടുന്നു. നേരത്തെ ഷാംഗ്രില ഹോട്ടലും പരിസരവും ഇതേപോലെ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരന്നു.
സിംഗപ്പൂരിൽ എത്തിയിട്ടുള്ള യുഎസ് സംഘം ഉച്ചകോടി സംബന്ധിച്ച അവസാന ഒരുക്കത്തിലാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് റിപ്പോർട്ടർമാരോടു പറഞ്ഞു.
ഇതേസമയംതന്നെ കൊറിയൻ അതിർത്തിയിലെ പാൻമുൻജോമിൽ യുഎസ് സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഉത്തരകൊറിയൻ നയതന്ത്രജ്ഞരുമായി ചർച്ചയിലാണ്. കിമ്മിന്റെ സഹായി യോംഗ് ചോൾ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസിലെത്തി പ്രസിഡന്റ് ട്രംപിനു നൽകിയ കിമ്മിന്റെ കത്തിലെ വിവരങ്ങൾ വെളിപ്പെടുത്താൻ സാൻഡേഴ്സ് വിസമ്മതിച്ചു. ഉത്തരകൊറിയയ്ക്കു മേൽ കനത്ത സമ്മർദം ചെലുത്തണമെന്ന നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്യോഗ്യാംഗിനോടുള്ള യുഎസ് നയത്തിൽ മാറ്റമില്ലെന്ന് സാൻഡേഴ്സ് വ്യക്തമാക്കി.
ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധം തുടരും. ആണവനിരായുധീകരണത്തിന് അവർ തയാറാവാതെ ഉപരോധം മാറ്റില്ല. റഷ്യൻ പ്രസിഡന്റ് പുടിനുമായി കിം കൂടിക്കാഴ്ച നടത്തുന്നതിനെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ സിംഗപ്പൂരിലെ ഉച്ചകോടിക്കാണു പ്രാധാന്യമെന്ന് സാൻഡേഴ്സ് ചൂണ്ടിക്കാട്ടി.