കൊല്ലം: വിവാദമായ വിസ്മയ കേസിലും പതിവ് തെറ്റിക്കാതെ പ്രതിക്കായി അഡ്വ. ബി.എ ആളൂര്‍ ഹാജരായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബിഎ ആളൂര്‍ ഹാജരായിരുന്നു. ഇത്തരത്തില്‍ ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരാണ്.
സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ പീഡനം നേരിടേണ്ടി വന്ന സംഭവം സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്തിരുന്നു. ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബിഎ ആളൂര്‍ കോടതിയിലെത്തിയത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കൊവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.
ഈ ഘട്ടത്തില്‍ കിരണിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിരണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. കൊവിഡ് ബാധിച്ച് നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കിരണുള്ളത്. ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ അഞ്ചിന് വിധി പറയും.
കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി.എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ വിശദമാക്കിയിരുന്നു.