ആലപ്പുഴ: ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിക്കത്തു ലഭിച്ചത്. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നില്‍വെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഒന്‍പതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു.
എ.എന്‍. ഷംസീര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം എന്നിവര്‍ക്കെതിരേയും ഈ കത്തില്‍ ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്ട്ടിന് എന്നാണു കത്തില്‍ പേരെഴുതിയിരിക്കുന്നത്. എം.എല്‍.എ. കത്ത് ആഭ്യന്തരവകുപ്പിനു കൈമാറി. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്കു പരാതി നല്കി.
സമാനമായതരത്തിലുള്ള വധഭീഷണി കഴിഞ്ഞമാസം അവസാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ.യ്ക്കു നേരെയും ഉണ്ടായിരുന്നു. എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് ഊമക്കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നും കത്തില്‍ പറഞ്ഞിരുന്നു. കോഴിക്കോട്ടുനിന്നാണ് കത്ത് പോസ്റ്റുചെയ്തിരുന്നത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷം പുരോഗമിക്കുകയാണ്.