ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം

Kerala Latest News

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടയ്ക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസില്‍ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

ഇന്നലെയാണ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു.

ഗുരുതര വകുപ്പുകളാണ് വിവാദ യുട്യൂബമാരായ ഇ ബുള്‍ ജെറ്റ് സഹോദങ്ങള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഐപിസി 341,506,534,34 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞു വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകൃത്യത്തിനു കുട്ടു നില്‍ക്കലല്‍ തുടങ്ങിയ വകുപ്പുകളാണ് ഇത്. ഇതിന് പുറമെ പൊതു മുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകര്‍ച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *