തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു നാളെ വീണ്ടും സന്പൂർണ ലോക്ക്ഡൗണ്‍.
കോവിഡ് വ്യാപനം തടയാൻ പ്രതിരോധം കർശനമാക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഇന്നു വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. അടച്ചിടൽ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളാകും ചർച്ച ചെയ്യുക.
രോഗബാധ അടുത്തയാഴ്ചയോടെ കൂടുതൽ വർധിക്കാനാണു സാധ്യതയെന്നാണു വിലയിരുത്തൽ. കേന്ദ്രം നിർദേശിച്ച രാത്രികാല കർഫ്യു കർശനമാക്കാനും ആലോചനയുണ്ട്. ഓഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരുന്നു.
ഹോം ക്വാറന്റൈൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്ച കോവിഡ് വ്യാപനം ശക്തിപ്പെടാൻ കാരണമായതായാണ് വിലയിരുത്തൽ. ഞായറാഴ്ച ലോക്ക്ഡൗണ്‍ കൂടുതൽ കർശനമാക്കണോ എന്ന കാര്യവും ഇന്നത്തെ അവലോകന യോഗം ചർച്ച ചെയ്യും.
നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുമതി. അവശ്യ യാത്രയ്ക്കു പാസ് എടുക്കണം.
അതിനിടെ, കോവിഡ് അവലോകന യോഗങ്ങളിലെ നിർദേശങ്ങൾ തീരുമാനമാകുന്നതിനു മുൻപു പുറത്തുപോകുന്നതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.