ഡോക്ടർമാർക്കെതിരായ നടപടി’; വീണ ജോർജ് ആരോഗ്യമന്ത്രിയായി തുടർന്നാൽ ആരോഗ്യ മേഖല തകരുമെന്ന് ഐഎംഎ

Kerala Latest News

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ (ഇന്ത്യ മാനേജ്‌മെന്റെ അസോസിയേഷൻ) തിരുവല്ല മേഖല പ്രസിഡൻറ് ഡോക്ടർ  രാധാകൃഷ്ണൻ. ആശുപത്രികളിൽ റെയിഡ് നടത്തി മന്ത്രി അകാരണമായി ഡോക്ടർമാർക്കെതിരെ നടപടി എടുക്കുകയാണ്. മാധ്യമ ശ്രദ്ധ പിടിച്ചെടുക്കാൻ മാത്രമാണ് ശ്രമം.

വീണ ജോർജ് ആരോഗ്യമന്ത്രിയായി തുടർന്നാൽ കേരളത്തിൽ ആരോഗ്യ മേഖല തകരും. ഈ സർക്കാരിലെ ഏറ്റവും വലിയ പരാജയപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പെന്നും ഐഎംഎ കുറ്റപ്പെടുത്തൽ. ആശുപത്രികളിൽ മരുന്നുകളില്ല. മന്ത്രിയുമായി സഹകരിക്കണമോയെന്നതിൽ ആലോചിക്കേണ്ടി വരുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

10 ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാർ മാത്രമേ ഒപി നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപന ത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. ആറ് ഡോക്ടർമാർ ഒപിയിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടുന്നതിനും രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺസിലുമാണ് ഉണ്ടായിരുന്നത്.

വസ്തുതകൾ ഇങ്ങനെയായിരിക്കെ മനപ്പൂർവ്വം ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാകാം. ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടർമാർ എന്ന അടിസ്ഥാന കാര്യം മന്ത്രി മറച്ചുവയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽ അരമണിക്കൂറിലേറെ സമയം സഹരാഷ്ട്രീയക്കാരുമായി നടന്ന മന്ത്രിക്ക് ഏതെങ്കിലും സ്ഥലത്ത് നിന്ന് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാതെ നിൽക്കുന്ന ആൾക്കൂട്ടമോ കാണാനായിട്ടില്ല. ലഭിച്ച പരാതികൾ ഡോക്ടർമാർക്കു പരിഹരിക്കാൻ സാധ്യമായവയും അല്ല.

മരുന്നു ക്ഷാമം എന്നത് ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നമല്ല. കേരളമൊട്ടാകെ സർക്കാർ ആശുപത്രികളിൽ ഇന്ന് മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്ന് നൽകുന്നതിനുള്ള താമസമാണ് ഇതിനുള്ള കാരണം. ഒരു മെഡിക്കൽ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ നിലവിലില്ല. കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമ വിചാരണയ്ക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാം. ഇത് അനീതിയാണ്, പ്രതിഷേധാർഹമാണെന്ന് ഐഎംഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *