യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിന്റെ ഒത്താശയോടെ സി.പി.ഐ.എം വേട്ടയാടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. സഖാക്കളുടെ പണിയെടുക്കുന്ന ആളുകളെ കാക്കിയണിയിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയാണ്. കോട്ടയം തൃക്കൊടിത്താനത്ത് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ കൂട്ട് നിന്നത് പൊലീസാണ്. എസ്പി ഓഫീസിലടക്കം അക്രമണത്തിന് സാധ്യത ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടും സുരക്ഷ നല്‍കിയില്ല. സി.പി.ഐ.എം നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. 308 പ്രകാരം കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാകാത്ത അവസ്ഥയാണ്.
ഇടത്പക്ഷ സര്‍ക്കാരിനെ കീഴില്‍ പൊലീസ് ക്വട്ടേഷന്‍ സംഘമായി മാറിയിരിക്കുന്നു. അക്രമത്തിന് കൂട്ട് നിന്ന പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. അക്രമം നടത്തിയ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണം. സിനിമാ പോസ്റ്ററിലെ പരസ്യം പോലും സി.പി.ഐ.എമ്മിന് അംഗീകരിക്കാന്‍ കഴിയുന്നില്ല. കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്‍.
അതേസമയം കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് വീടു കയറി ആക്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.