വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം, സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും

Kerala Latest News

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്ക് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും.

ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്നതിനുള്ള ബില്ല് നേരത്തെതന്നെ സംസ്ഥാന സര്‍ക്കാര്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനാണ് നിലവില്‍ മന്ത്രിസഭയുടെ അധികാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 22ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

നിലവില്‍ മൂന്ന് അംഗങ്ങളുള്ള സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നത്. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, സര്‍വകലാശാലയുടെ പ്രതിനിധി എന്നിവരാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഗവര്‍ണര്‍ തന്നെ നിശ്ചയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്കുള്ള ഭേദഗതിക്കാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *