ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: ദിവസങ്ങളായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പി എസ് ശ്രീധരന്‍പിള്ളയെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഗ്രൂപ്പ് വൈര്യത്തില്‍ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തില്‍ തിരുമാനം വൈകുന്നതിനിടെയാണ് ശ്രീധരന്‍പിള്ളയെ വീണ്ടും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് അവരോധിക്കുന്നത്.
ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍പിള്ളയ്ക്ക് ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനവും പാര്‍ട്ടിക്കുള്ളില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതനാണെന്ന മുന്‍ഗണനയുമാണ് സംസ്ഥാന പ്രസിഡന്റാവാന്‍ വഴിതുറന്നത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള ആത്മബന്ധവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള മുസ്ലിം സമുദായ നേതാക്കളുമായി വര്‍ഷങ്ങളായുള്ള സ്‌നേഹ ബന്ധം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ശ്രീധരന്‍പിള്ളയ്ക്കുള്ള പൊതു സ്വീകാര്യതയും ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശ്രീധരന്‍പിള്ളയെ പാര്‍ട്ടിയുടെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാന്‍ അമിത് ഷാക്ക് ശക്തിപകരുന്ന ഘടകങ്ങളാണ്. വെള്ളാപ്പള്ളി നടേശനുമായും വര്‍ഷങ്ങളായി ശ്രീധരന്‍പിള്ളയ്ക്ക് വ്യക്തപരമായ അടുപ്പമുണ്ട്. എന്‍ ഡി എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി ഡി ജെ എസിനെ അനുനയിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി രണ്ടാം തവണയും അങ്കത്തിനിറങ്ങിയ ശ്രീധരന്‍പിള്ളക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് പാര്‍ട്ടി ദേശീയ നേതൃത്വം. കേരള ഘടകത്തില്‍ ഉരുണ്ടുകൂടിയ ഗ്രൂപ്പ് വൈരങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന നീരീക്ഷണവും പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും തലപൊക്കുന്ന ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ഇടപെടലുകള്‍ ഗുണം ചെയ്തിരുന്നില്ല. കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താന്‍ പലതലങ്ങളില്‍ കൂടിയാലോചനകള്‍ നടത്തിയെങ്കിലും വി മുരളീധരന്‍-പി കെ കൃഷ്ണദാസ് പക്ഷങ്ങള്‍ നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന ബി ജെ പി സംസ്ഥാന സമിതി യോഗത്തിലും സമാനമായ രംഗങ്ങളാണ് കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ അരങ്ങേറിയത്. ഈ പശ്ചാത്തലത്തിലാണ് പി എസ് ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അവരോധിച്ച് പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരെ നിയന്ത്രിക്കാന്‍ അമിത് ഷാ ആലോചന തുടങ്ങിയത്.