k-sudhakaran

കേരളത്തില്‍ ഐ ഗ്രൂപ്പിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്; കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കാന്‍ രാഹുലിന്റെ പച്ചക്കൊടി

Latest News

 

അമിത്ഷായുടെ കാത്തിരിപ്പ് വിഫലം; സുധാകരന്റെ ജനസമ്മിതിയില്‍ അപകടം തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ്

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പി സി സി അധ്യക്ഷന് വേണ്ടിയുള്ള മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കുവാന്‍ ഹൈക്കമാന്‍ഡ് ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയ റിപ്പോര്‍ട്ടിലും മുല്ലപ്പള്ളിയുടെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കെ പി സി സി പ്രസിഡന്റ് പദവിയില്‍ നോട്ടമിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അവഗണിച്ച് മുന്നോട്ടുപോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി മുല്ലപ്പള്ളിയുടെ പ്രസിഡന്റ് പദവി തല്‍ക്കാലം മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തില്‍ വിശാല ഐ ഗ്രൂപ്പിന്റെ മുന്നണിപോരാളിയായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന സുധാകരന്‍ അടുത്തകാലത്തായി രമേശ് ചെന്നിത്തലയുമായി മാനസികമായി അടുപ്പത്തിലല്ല. കെ പി സി സി അധ്യക്ഷന് വേണ്ടിയുള്ള ചര്‍ച്ചകളിലെല്ലാം കെ സുധാകരനെ ഏതുവിധേനയും ഒഴിവാക്കുവാന്‍ ചെന്നിത്തല ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടായിരുന്നു. ഇത്തരത്തില്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെ രാഷ്ട്രീയമായ ഒതുക്കലും അവഗണയും തിരിച്ചറിഞ്ഞ സുധാകരനെ തേടി ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വിളിയെത്തി. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ബി ജെ പി കേരള ഘടകം പ്രസിഡന്റായി കെ സുധാകരനെ നിയോഗിക്കാമെന്നും, വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സുപ്രധാന പദവികള്‍ അടക്കം നിരവധി ഓഫറുകളാണ് അമിത് ഷാ സുധാകരനും അനുയായികള്‍ക്കും മുന്നില്‍വെച്ചത്.

കെ പി സി സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വരെ സമയം ചോദിച്ചിരുന്ന സുധാകരന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന ബി ജെ പി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് പോലും അമിത് ഷാ നീട്ടികൊട്ടുപോവുകയായിരുന്നു. ഇത്തരത്തില്‍ സുധാകരനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബി ജെ പിയുടെ തന്ത്രം വിജയിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തകര്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അക്കമിട്ട് നിരത്തി. ഏ കെ ആന്റണിയുമായി രാഹുല്‍ നടത്തിയ ആശയവിനിമയത്തിലും കെ സുധാകരന്‍ ബി ജെ പിയിലെത്തുന്നതിലെ അപകടം ഒഴിവാക്കണമെന്ന് ആന്റണിയും നിര്‍ദേശം വെച്ചു. ഇതോടെ കെ സുധാകരന് വേണ്ടി ഉമ്മന്‍ ചാണ്ടി അപ്രതീക്ഷിതമായി ഹൈക്കമാന്‍ഡില്‍ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണുകയും ചെയ്തു. പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയ കേരളത്തിലെ ചില നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരനെ രാഹുല്‍ ഫോണില്‍ വിളിച്ച് കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിക്കുമെന്ന ഉറപ്പുനല്‍കി.

സുധാകരനെ കോണ്‍ഗ്രസ് കൈവിട്ടാല്‍ അദ്ദേഹം ബി ജെ പിയിലെത്തുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. ഇത്തരമൊരു സാചര്യമുണ്ടായാല്‍ സി പി എമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് മുമ്പ് കേരളത്തില്‍ വലിയ രാഷ്ട്രീയ തേരോട്ടം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അമിത് ഷായും ബി ജെ പി, ആര്‍ എസ് എസ് കേന്ദ്രങ്ങള്‍. ഈ രാഷ്ട്രീയ നീക്കത്തിന്റെ മുനയൊടിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് ഫലത്തില്‍ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും നടത്തിയ ഇടപെടലുകള്‍ക്കെതിരെയുള്ള എ ഗ്രൂപ്പിന്റെ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചടിയാണ് സുധാകരന്റെ പുതിയ പ്രസിഡന്റ് പദവി.

വിശാല ഐ ഗ്രൂപ്പില്‍ നിന്നും അകന്നുകഴിയുന്ന സുധാകരന്‍ കെ പി സി സി പ്രസിഡന്റാവുന്നതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പില്‍ കൂട്ടപാലായനം സുധാകര പക്ഷത്തേക്ക് ഉണ്ടാകുമെന്ന നിരീക്ഷണവും എ ഗ്രൂപ്പ് നടത്തുന്നു. ഒപ്പം സുധാകരനെ കെ പി സി സി പ്രസിഡന്റാക്കുന്നതില്‍ നിര്‍ണായ റോള്‍ വഹിച്ച ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിക്കാന്‍ സുധാകരന്‍ മുന്നിട്ടിറങ്ങിയാല്‍ അത്ഭുതപ്പെടാനുമില്ല.

Leave a Reply

Your email address will not be published. Required fields are marked *