തിരുവനന്തപുരം: തോട്ടം മേഖല നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ വര്‍ധിപ്പിച്ച ഭൂ നികുതി കുറയ്ക്കണമെന്ന ആവശ്യം മന്ത്രിസഭാ യോഗം തള്ളി. എന്നാല്‍, വിലയിടിവും ഉല്പാദനച്ചെലവും മൂലം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കുന്നതിന്റെ ഭാഗമായി തോട്ടം നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. കാര്‍ഷികാദായ നികുതിക്ക് അഞ്ചു വര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. തോട്ടം മേഖലയെ സംരക്ഷിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് ഇളവുകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നു നിയമസഭയില്‍ ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും. തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് എന്‍. കൃഷ്ണന്‍നായര്‍ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്‍ സര്‍ക്കാര്‍ സെക്രട്ടറി തല സമിതി രൂപീകരിച്ചത്.
കേരളത്തില്‍ മാത്രമാണു തോട്ടം നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന് തോട്ടം ഉടമകള്‍ ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഹെക്ടറിന് 700 രൂപയാണ് സര്‍ക്കാര്‍ തോട്ടം നികുതിയായി ഈടാക്കുന്നത്. ഇത് ഇപ്പോള്‍ താത്കാലികമായാണ് ഒഴിവാക്കുന്നത്. ലാഭത്തിന്റെ 30 ശതമാനമാണ് തോട്ടം ഉടമകള്‍ കാര്‍ഷികാദായ നികുതി ഇനത്തില്‍ നല്‍കുന്നത്. റബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ നിശ്ചിത തുക സര്‍ക്കാരിനു സീനിയറേജ് നല്‍കണമെന്ന വ്യവസ്ഥയും റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന മരം മുറിക്കുന്നതിന് സീനിയറേജ് ഈടാക്കാന്‍ പാടില്ലെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. തേക്ക്, ഈട്ടി, അകില്, ചന്ദനം എന്നിവയ്ക്ക് മാത്രമുണ്ടായിരുന്ന സീനിയറേജ് റബറിനും ഏര്‍പ്പെടുത്തുകയായിരുന്നു.