രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരം: കെ പി സി സി വൈസ് പ്രസിഡന്റായി നിയമിതനായ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. 2006ല്‍ കൊടുങ്ങല്ലൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയ മുല്ലപ്പള്ളിയുടെ നടപടിക്കെതിരെയാണ് വ്യാപക പരാതി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പ്രഥമ കെ പി സി സി ഭാരവാഹി യോഗത്തില്‍ മോഹന്‍ ശങ്കറിനെ ഉപരോധിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആലോചിക്കുന്നതായാണ് വിവരം. നിലവില്‍ കെ പി സി സി നിര്‍വ്വാഹക സമിതി അംഗമാണ് മോഹന്‍ ശങ്കറെന്നാണ് മുല്ലപ്പള്ളി അനുകൂലികളുടെ ന്യായീകരണം. ഇതിനിടെ, കെ.പി.സി.സി ഭാരവാഹിപട്ടികക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ രംഗത്ത് എത്തി. ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളായെന്നും, ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നും അദ്ദേഹം പറഞ്ഞു. താമര ചിഹ്നത്തില്‍ മത്സരിച്ചവര്‍ വരെ കെ പി സി സി ഭാരവാഹികളായിട്ടുണ്ട്.
പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും, ഇപ്പോഴത്തെ ഭാരവാഹി പട്ടികയില്‍ നിന്ന് എണ്ണം കൂടരുത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവര്‍ത്തിക്കാനുള്ള വേദിയാണ്. യുവാക്കളുടെ എണ്ണം കുറഞ്ഞതും ഇപ്പോഴത്തെ പട്ടികയുടെ പോരായ്മയാണെന്നും മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള ഭാരവാഹി പട്ടിക പ്രഖ്യാപിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പലപ്രാവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലും അത് നടപ്പായില്ല. ഭാരവാഹിപട്ടികയില്‍ അന്‍പത് വയസിന് താഴെയുള്ളത് വെറും ആറുപേര്‍ മാത്രമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങള്‍ക്ക് ഇടം കിട്ടിയെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ഭാരവാഹികളായത്. പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ജ്യോതികുമാര്‍ ചാമക്കാല, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, ഡോ. പി ആര്‍ സോന എന്നിവരാണ് അന്‍പത് വയസിന് താഴെയുള്ളവര്‍. ഇതില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ളത് സി.ആര്‍ മഹേഷും സോനയും മാത്രം.
വൈസ് പ്രസിഡന്റ് പട്ടികയില്‍ മുല്ലപ്പള്ളിയുടെ നോമിനിയായ മോഹന്‍ ശങ്കറും സംവരണവിഭാഗത്തില്‍ ഇടംപിടിച്ച മണ്‍വിള രാധാകൃഷ്ണനും മാത്രമേ ഗ്രൂപ്പിന് അതീതമായുള്ളു. എ ഗ്രൂപ്പ് ആറും ഐ ഗ്രൂപ്പിന് അഞ്ചും മുല്ലപ്പള്ളിക്ക് ഒന്നും എന്ന നിലക്കാണ് വൈസ് പ്രസിഡന്റുമാരുടെ വിഭജനം. പി സി വിഷ്ണുനാഥ്, കെ പി ധനപാലന്‍, കെ സി റോസക്കുട്ടി, സി പി മുഹമ്മദ്, ടി സിദ്ധീഖ്, എഴുകോണ്‍ നാരായണന്‍ എന്നിവര്‍ എ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുമ്പോള്‍ ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, പദ്മജ വേണുഗോപാല്‍, മണ്‍വിള രാധാകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവര്‍ ഐ ഗ്രൂപ്പിന്റെ നോമിനികളാണ്.