നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും

Latest News

 

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചേക്കും. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അമിതാഭ് കാന്ത് കേരള കേഡറില്‍ നിന്നുള്ള 1980 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്. ടൂറിസം ഡയറക്ടര്‍, കോഴിക്കോട് കളക്ടര്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശസ്തമായിരുന്നു.

ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. എ കരസ്ഥമാക്കി. മികച്ച ഭൂരിപക്ഷത്തില്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്ന മോദിയുടെ നൂറുദിന കര്‍മ്മപരിപാടിയുടെ അണിയറ ശില്‍പ്പികൂടിയാണ് അമിതാഭ് കാന്ത്.

വിവിധ മന്ത്രാലയങ്ങള്‍ വഴി നടപ്പാക്കേണ്ട കര്‍മ്മപരിപാടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാന്‍ പി എം ഓഫീസ് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കും മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തതായും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *