തമിഴ്‌നാട്ടില്‍ 220 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

India Latest News

ചെന്നൈ: ആദായ നികുതി വകുപ്പ് നടത്തിയ റെയിഡില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 220 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പ്രമുഖ ടൈല്‍- സാനിറ്ററിവെയര്‍ നിര്‍മാതാക്കളില്‍ നിന്ന് കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ തന്നെ അറിയപ്പെടുന്ന കമ്പനിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ടൈലുകളുടെയും സാനിറ്ററിവെയറുകളുടെയും നിര്‍മ്മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയില്‍ നിന്ന് റെയ്ഡിനിടെ 8.30 കോടി രൂപ പിടിച്ചെടുത്തതായി സിബിഡിടി പ്രസ്താവനയില്‍ പറഞ്ഞു.

പരിശോധനയ്ക്കിടെ കണക്കില്‍പ്പെടാത്ത ചില ഇടപാടുകളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. എല്ലാം കൂടെ 220 കോടി രൂപയുടെ കള്ളപ്പമാണ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് സാധിച്ചില്ല.

പരിശോധന തുടരുകയാണെന്നും ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫെബ്രുവരി 26 ന് തമിഴ്‌നാട്, ഗുജറാത്ത്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 20 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

അതേസമയം, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ആരെങ്കിലും പണം നല്‍കുന്നുണ്ടോയെന്നതിനെപ്പറ്റിയും ആദായനികുതി വകുപ്പ് നിരീക്ഷിക്കും. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമുള്‍പ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *