കാസര്‍ഗോഡ്: കേരളത്തിലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സര്‍വേകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയ കിഫ്ബി സര്‍വേകളാണ് സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ നടക്കുന്നു.
ഗവണ്മെന്റിന്റെ അവസാനകാലത്ത് ഇരുന്നൂറു കോടിയുടെ രൂപയുടെ പരസ്യമാണ് നല്‍കിയത്. അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ആപല്‍ക്കരമാണ്. ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്മെന്റിന് ഒരു റേറ്റിംഗുമില്ല. അവര്‍ക്ക് മുന്നില്‍ ഗവണ്മെന്റിന്റെ റേറ്റിംഗ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്.
ഞങ്ങള്‍ ഈ സര്‍വേകളെ തള്ളിക്കളയുന്നു. ഇതില്‍ യുഡിഎഫിന് വിശ്വാസമില്ല. ഇത് ബോധപൂര്‍വം യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.