പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുത്, പൊലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതല; ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala Latest News

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. സേന നടത്തുന്നത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി നിസ്സാരവത്കരിക്കരുത്. പൊലീസിന് എതിരെ നടക്കുന്നത് പ്രചാരവേലയാണെന്നും ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടി ഷോളയൂരില്‍ ആദിവാസികള്‍ക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. അറസ്റ്റ് തടയാന്‍ ശ്രമിച്ച ഊരുമൂപ്പനും സംഘവും ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വനിതാ സിപിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂപ്പനും മകനും സിപിഎം അനുഭാവികളായിരുന്നു. പാര്‍ട്ടിയുമായി തെറ്റിയതാണ് പോലീസ് നടപടിക്ക് കാരണമെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ ആരോപിച്ചു. ഭ്രാന്തുപിടിച്ച പോലീസ് നാട്ടില്‍ മുഴുവന്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *